മുംബൈ: ദേശീയ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥന്റെ ദേഹത്ത് ചെളിവാരിയെറിഞ്ഞ കേസിൽ മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയ്ക്ക് ഒരു മാസം തടവുശിക്ഷ. നിയമസഭാംഗങ്ങൾ നിയമം കൈയിലെടുക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി സിന്ധുദുർഗിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.
2019ൽ ദേശീയ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥനുനേരെ ചെളി എറിഞ്ഞെന്നാണ് കേസ്. മുംബൈ-ഗോവ ഹൈവേയുടെ മോശം സ്ഥിതിയിൽ പ്രതിഷേധിച്ചു നടന്ന സമരത്തിനിടെയായിരുന്നു സംഭവം. എൻഎച്ച്എഐ എൻജിനീയർ പ്രകാശ് ഷെഡേക്കറിന്റെ ദേഹത്തേക്ക് നിതീഷ് റാണ ചെളി വാരിയെറിയുകയായിരുന്നു.
മന്ത്രിയുടെ നടപടിയെ അധികാര ദുർവിനിയോഗമെന്ന് വിശേഷിപ്പിച്ച കോടതി ഇത്തരം പ്രവണത നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും പറഞ്ഞു. കലാപമുണ്ടാക്കൽ, പൊതുപ്രവർത്തകനെ പിന്തിരിപ്പിക്കാൻ ശ്രമിക്കൽ, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ വിവിധ കുറ്റങ്ങൾ ചുമത്തി 30 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്.
ഇത്തരം സംഭവങ്ങൾ തുടർന്നാൽ സർക്കാർ ജീവനക്കാർക്ക് അവരുടെ കടമകൾ അന്തസോടെ നിർവഹിക്കാൻ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സംഭവം നടക്കുമ്പോൾ നിതേഷ് റാണ കോൺഗ്രസ് എംഎൽഎയായിരുന്നു.